Toggle Bar

ബോസ്റ്റണില്‍ കേരള അസോസിയേഷൻ ഓഫ് ന്യൂ   ഇംഗ്ലണ്ട് ഓണാഘോഷം ഗംഭീരമായി.

Read this news on: Malayala Manorama(click here)

By ജോള്‍സണ്‍ വര്‍ഗീസ്‌ 

ബോസ്റ്റണ്‍: പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും, അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മലയാളിമനസ്സുകൾക്ക് അടരുവാൻ വയ്യ. അത്തപൂക്കളവും, ഊഞ്ഞാലും , ഓണക്കളികളും ഇവിടെ അന്യമാണെങ്കിലും, ആവണിമാസത്തിൽ പൂവിളികളുമായി ഓണമെത്തുമ്പോൾ, മനസ്സ് അറിയാതെ ഗൃഹാതുരതയിലേക്ക് വഴുതിപ്പോകും.  കടന്നു പോയ പഴയകാലം ഓർമ്മിക്കുവാൻ, ഇവിടെ ഏഴാംകടലിനിക്കരെ, 1950 -കളുടെ അവസാനം കുടിയേറിപ്പാർത്തവർ മുതൽ, കഴിഞ്ഞ മാസം  ബോസ്റ്റണിലേക്ക് എത്തിയ ന്യൂ ജനറേഷൻ മലയാളികൾ വരെ ഒത്തുകൂടിയ ഒരപൂർവ്വ സംഗമ വേദിയായിമാറി. ഒട്ടനവധി പ്രത്യേകതകൾകൊണ്ട്, കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌(കെയിൻ -www.kaneusa.org )ഒരുക്കിയ 45-മത് ഓണാഘോഷം അവിസ്മരണീയമായി. 

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ആഘോഷിച്ചു . ന്യൂഇംഗ്ലണ്ട്‌ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെയിനിന്റെ ഈവര്‍ഷത്തെ ഓണാഘോഷം 2015 ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച ബോസ്റ്റണിനടുത്ത്‌ ബെല്ലരിക്ക ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അതി വിപുലമായ കലാ സാംസ്കാരിക പരിപാടികൾ കൊണ്ടും, ആയിരത്തിൽ അധികം  വരുന്ന അമേരിക്കൻ മലയാളികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രേദ്ധേയമായി.

നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിൻ, ഈ വർഷത്തെ ഓണഘോഷപരുപാടികൾ, കേരള തനിമ ഒട്ടും ചോരാതെ അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയപ്പോൾ, ഏവർക്കും അതു കാഴ്ച്ചയുടെയും , രുചിയുടെയും വേറിട്ട ഒരു അനുഭവമായി.

രാവിലെ 11.30-ന് കെയിൻ പ്രസിഡന്റ്‌ ശ്രി പ്രകാശ്‌ നെല്ലുർവളപ്പിലും , പത്നി  ശ്രിമതി സന്ധ്യ പ്രകാശും ചേർന്ന് നിലവിളക്ക് കൊളുത്തിയതോടു കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ശ്രി ജേക്കബ്‌ കല്ലുപുര ഓണത്തെക്കുറിച്ചും , കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടിനെ കുറിച്ചും കൂടിനിന്നവരെ ഓർമിപ്പിച്ചു. അതിനു ശേഷം പ്രാദേശിക കലാകാരന്മാർ നേതൃത്വം നൽകിയ ചെണ്ടമേളവും അരങ്ങേറി. പിന്നീട് ഉച്ചക്ക് 12 മണി  മുതൽ 2  മണി വരെ, എല്ലാ വര്‍ഷത്തിലെ പോലെ, കെയിൻ അംഗങ്ങള്‍ ഒരുക്കിയ , 23 ഇനം വ്യത്യസ്‌ത വിഭവങ്ങളോടുകൂടിയ രുചിയേറിയ സദ്യ തൂശൻ ഇലയിൽ വിളമ്പി. ന്യൂഇംഗ്ലണ്ടിലെ അറിയപ്പെടുന്ന പാചക വിദഗ്‌ധനായ വൈദ്യനാഥ അയ്യരുടെയും , രാജേന്ദ്രപ്രസാദിന്റെയും നേതൃത്വത്തിലുള്ള ടീമാണ്‌ തലേദിവസം മുതല്‍തന്നെ ഓണസദ്യ തയാറാക്കുന്നതിനു നേതൃത്വം നൽകിയത്. നാവിനു രുചിയേറിയ, ഒരിക്കലും പകരംവെയ്ക്കാൻ കഴിയാത്ത രുചി കൂട്ടുകൾ, മലയാളിക്ക് കേരളത്തിൽച്ചെന്ന്  ഒരു സദ്യ ആസ്വദിച്ചു മടങ്ങിയ നിർവൃതിയാണ് സമ്മാനിച്ചത്. 

 

 ഉച്ചകഴിഞ്ഞ് നടന്ന കലാസാംസ്കാരിക പരിപാടികളിൽ , ശ്രി പി യു പൗലോസ്‌ (റിട്ട . ഹെഡ്  മാസ്റ്റർ , പൂത്രിക്ക H.S.S , കൊച്ചി ) മുഖ്യ ഓണസന്ദേശം നൽകി. കേരള സംസ്കരത്തെക്കുറിച്ചും, മറുനാട്ടിൽ ജീവിക്കുമ്പോൾ നാം ഉയർത്തിപിടികേണ്ട മൂല്യങ്ങളെ കുറിച്ചും ആളുകളെ ഉദ്ബോധിപ്പിച്ചു. തുടർന്ന്, കെയിൻ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്‌, കോമഡി സ്കിറ്റ്, നൃത്തനൃത്യങ്ങള്‍ എന്നിവ പരിപാടികൾക്ക് മിഴിവേകി. പിന്നീട്   ഗരം മസാല ബാന്‍ഡ്‌ അവതരിപ്പിച്ച, മലയാളം , ഹിന്ദി , തമിഴ് എന്നിഭാഷകളിലെ സൂപ്പർ  ഹിറ്റ്‌ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ശ്രോതാക്കളുടെ  മനസ്സിൽ കുളിർ മഴ പോലെ പെയ്തിറങ്ങി. പരിപാടികളുടെ M C, ശ്രിമതി നെല്ലി മാത്യൂസ്‌ ആയിരുന്നു. കെയിൻ സെക്രട്ടറി ശ്രി ജോസ് മോഹൻ എല്ലാ കമ്മറ്റി അംഗങ്ങൾക്കും, ഓണസദ്യ ഒരുക്കാൻ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി രേഖപെടുത്തി. വൈകിട്ട് 6 മണിയോടുകൂടി ഇന്ത്യയുടെ ദേശിയ ഗാനം ഏവരും ചേർന്ന് ഉച്ചത്തിൽ ആലപിച്ചതോടുകൂടി കേയിനിന്റെ നാല്പ്പത്തിയഞ്ചാം ഓണാഘോഷങ്ങ പരിപാടികൾക്ക് തിരശീല  വീണു.

 

കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട്-ൻറെ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രി ബാബു പുന്നോസ്, വൈസ് പ്രസിഡന്റായി ശ്രിമതി സിമി മാത്യു, ജനറൽ സെക്രട്ടറി ശ്രി വിജു പോൾ, ജോയിന്റ് സെക്രട്ടറി ശ്രി സരേഷ് അലമ്പത്, ആര്ട്സ് സെക്രട്ടറി ശ്രിമതി റോസിലി വർഗിസ് , ട്രഷറര്‍  ശ്രി റെജി ജോർജ്, ശ്രി ജോള്‍സണ്‍ വര്‍ഗീസ്‌ പബ്ലിക്‌ റിലേഷന്‍സിനും,  കെയിന്റെ വെബ്‌ & ഇൻഫർമേഷൻ ടെക്നോളജി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും .

കൂടുതൽ വിവരങ്ങൾക്കായി www.kaneusa.org സന്ദർശിക്കുക. 


 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

Go to top